Thursday, November 19, 2015



സീറോ  മലബാർ സഭയിലും മാറ്റത്തിന്റെ കാഹളം  :

 തലശ്ശേരി  ആർച് ബിഷപ്പിന് അഭിനന്ദനങ്ങൾ


നവംബർ 7 നു  പള്ളികളിൽ  വായിച്ച തലശ്ശേരി ആർച് ബിഷപ്പിന്റെ  സർക്കുലർ ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ് . മറ്റു രൂപതകളിലും ഇത്തരം  സർക്കുലർ ഇറങ്ങിയിട്ടുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം . വർഷങ്ങളായി  പലരുടെയും മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ  പരസ്യമായി പറയുവാൻ ധൈര്യം കാട്ടിയ പിതാവിന് അഭിനന്ദനങ്ങൾ .  ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണം ധൈര്യം ആണ് . അനാവശ്യമായി/ , ആർഭാടമായി, കെട്ടിടങ്ങൾ പണിയുന്നതിനെയും, പെരുന്നാളുകൾ നടത്തുന്നതിനെയും ആണ് പിതാവ് എതിർത്തിട്ടുള്ളത്  . ക്രിസ്ത്യാനികൾ നടത്തുന്ന ചടങ്ങുകൾ കഴിയുന്നതും   ലളിതം ആയിരിക്കണം   എന്ന് അദ്ദേഹം  നിഷ്കർഷിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്ന കാലത്ത്   അനാവശ്യ പിരിവുകൾ അടിച്ചേൽപ്പിക്കുന്നതിനെയും പിതാവ് എതിർക്കുന്നു. ഇതൊക്കെ ഇഷ്ടപ്പെടാത്ത പുരോഹിതന്മാരും , പ്രമാണിമാരും ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല. ആർച് ബിഷപ്പിന്റെ ഉത്തരവിന് പുല്ലു   വില പോലും കൽപ്പിക്കാത്ത  ധാർഷ്യതയുള്ള  പുരോഹിതന്മാർ പല ഇടവകകളിലും ഉണ്ട് . രൂപതയുടെ നിയമങ്ങൾ ഒക്കെ കാറ്റിൽ പറത്തി, സുതാര്യമല്ലാത്ത രീതിയിലാണ് പല സ്ഥലത്തും കെട്ടിടം പണികൾ നടത്തുന്നത്/അനാവശ്യ പിരിവുകൾ അടിച്ചേൽപ്പിക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ,  യുവജന്മാരെ ഇളക്കി വിട്ടു ഇടവക പൊതുയോഗങ്ങളിൽ കൂക്കി വിളിക്കുന്നതും , പരിഹസിക്കുന്നതും , കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുന്നതും ഒക്കെ എത്രത്തോളം ഹീനമായ നടപടി ആണെന്ന് പിതാവിന്റെ സർക്കുലർ കേട്ടപ്പോൾ എങ്കിലും പലർക്കും ബോധ്യമായിക്കാണും   എന്ന് കരുതുന്നു .  സുതാര്യത ഇല്ലാതെ പ്രവർത്തിക്കുന്ന പുരോഹിതന്മാരെ നിലക്ക് നിർത്തുവാനും ബിഷപ്പ് മാർക്ക് കഴിയേണ്ടതുണ്ട് . യഥാർത്ഥ ക്രിസ്ത്യാനികളുടെ  പിന്തുണ തീർച്ചയായും ഉണ്ടാകും.


മതവും , രാഷ്ട്രീയവും  ഒരു കള്ള നാണയത്തിന്റെ ഇരു വശങ്ങൾ മാത്രം  ആണെന്ന് നമ്മൾ ഇന്ന് തിരിച്ചറിയുന്നു . ഒരു കൂട്ടർ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം  ചെയ്തു ഖജനാവിൽ     നിന്നും   കോടികൾ കൊള്ളയടിക്കുന്നു . മറ്റൊരു കൂട്ടർ ജനങ്ങളുടെ വിശ്വാസത്തെ  ചൂഷണം ചെയ്തു അവരുടെ പോക്കറ്റിൽ നിന്നും പിടിച്ചു പറിക്കുന്നു . ഇതല്ലേ നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത് .                    

ക്രിസ്തു ആരായിരുന്നു എന്നും , തന്റെ പ്രവർത്തിയിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്നും മനസ്സിലാക്കുവാൻ  നൂറ്റാണ്ടുകൾ വേണ്ടിവന്നു/ ഒരു ഫ്രാൻസിസ് പാപ്പാ വേണ്ടിവന്നു . 2000 വർഷം മുൻപ്  എന്താണ് യഹൂദർക്കിടയിൽ നടന്നിരുന്നത് ? പുരോഹിതന്മാരും ,യഹൂദ പ്രമാണിമാരും ചേർന്ന് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയായിരുന്നു. ദൈവത്തിന്റെ പേരിൽ  പണം ഉണ്ടാക്കുകയായിരുന്നു . ഇവരുടെ ഇടയിലെ അഴിമതിയും തെറ്റായ നടപടികളും, ദു:രാചാരങ്ങള്മാണ്  ക്രിസ്തു ചോദ്യം ചെയ്തത് . അതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടു. പുരോഹിതന്മാരെയും , പ്രമാണിമാരെയും ഒക്കെ മണി അടിച്ചു നടക്കുന്നവർ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നു. ക്രിസ്തുവിനെതിരെ  പല അപവാദ പ്രചരണങ്ങളും  അവർ നടത്തി .    അന്ന് പക്ഷെ ടി.വി .ചാനല്കളോ, വാർത്താ മാധ്യമങ്ങളോ , ഇന്റെർനെറ്റൊ, ഫേസ് ബുക്കോ  ഒന്നും ഇല്ലാതിരുന്നതു കൊണ്ട്  തന്റെ ആശയങ്ങളും , വാദഗതികളും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ക്രിസ്തുവിനു കഴിയാതെ പോയി.   ഇന്ന് കാലം മാറി. തന്റെ ആശയങ്ങളും , വാദഗതികളും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ മാർപ്പാപ്പക്ക്  എളുപ്പം സാധിക്കും .  ക്രിസ്തുവിനെ എതിർത്തിരുന്നവരുടെ  പിൻതലമുറ പിന്നീട് ബുദ്ധി പൂർവ്വം ക്രിസ്തുവിനെ  പണം ഉണ്ടാക്കുവാനുള്ള ഒരു ഉപകരണം ആക്കി മാറ്റിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ക്രിസ്തു എന്തിനെ ഒക്കെ എതിർത്തിരുന്നുവോ  അതൊക്കെ തന്നെ കത്തോലിക്കാ സഭയിലും കടന്നു കൂടുവാൻ ഇടയായി. അതൊക്കെ തിരുത്തേണ്ട  കാലം അതിക്രമിച്ചിരിക്കുന്നു എന്നാണു മാർപ്പാപ്പയിലൂടെ നമുക്ക് ലഭിക്കുന്ന  സന്ദേശം .  

       പള്ളികളിലെ  /ഇടവകകളിലെ  അനാവശ്യ ചിലവുകൾ  കുറയ്ക്കണം എന്ന പിതാവിന്റെ നിർദ്ദേശം   സ്വാഗതാർഹം. പക്ഷെ അത് പ്രായോഗികമായി എങ്ങിനെ നടപ്പിലാക്കും എന്നുള്ളതാണ് പ്രശ്നം . കാരണം ഇടവകയുടെ വരവ് എത്രയെന്നോ, ഏതെല്ലാം രീതിയിലാണ് തുക ചിലവഴിക്കുന്നതെന്നോ    ഇടവകക്കാർക്ക് കൃത്യമായി അറിയില്ല എന്നുള്ളതാണ് വസ്തുത. വാർഷിക പൊതുയോഗത്തിൽ വരവ് ചെലവ് കണക്കുകൾ സ്റ്റെറ്റ്മെന്റ് ആയി നല്കുന്ന പ്രവണത മിക്ക സ്ഥലത്തും ഇല്ല .  കണക്കൻ ബുക്ക് നോക്കി വായിക്കുന്ന കണക്കുകൾ ആർക്കും മനസ്സിലാവുകയില്ല. പിന്നെ എങ്ങിനെയാണ് ചിലവുകൾ കുറയ്ക്കുന്നതിനെ കുറിച്ച് നിർദേശങ്ങൾ നൽകുവാൻ ഇടവകക്കാർക്ക് കഴിയുന്നത്‌ ?  അത്തരം നിർദേശങ്ങൾ പല പുരോഹിതന്മാരും ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് വസ്തുത . തീരുമ്പോൾ പിരിക്കുക , പിരിക്കുന്നത്   തീർക്കുക  . പള്ളികളും , ട്രേഡ് യൂണിയനുകളും ഇക്കാര്യത്തിൽ ഒരു പോലെയാണ് .

പകൽ നല്ല പോലെ വെളിച്ചം ഉള്ള സമയത്ത്  മിക്ക പള്ളികളിലും അനാവശ്യമായി ട്യുബുകൾ  കത്തിക്കുന്നത് കാണാം .  ഇങ്ങിനെ ചെയ്താൽ ദൈവത്തിനു കൂടുതൽ ഇഷ്ടം തോന്നും എന്ന ധാരണ ആണെന്ന് തോന്നുന്നു . ലോകം എമ്പാടും ഉള്ള പള്ളികളിൽ ഇങ്ങിനെ അനാവശ്യമായി പാഴാക്കുന്ന വൈദ്യുതി എത്രയെന്നോ , അതിനു വേണ്ടി ചിലവഴിക്കുന്ന തുകയെത്രയെന്നോ അധികമാരും ചിന്തിച്ചിട്ടുണ്ടാവുകയില്ല. ഇക്കാര്യത്തിൽ സർക്കാർ ഓഫീസുകളും ,പള്ളികളും ഒരു പോലെയാണ് . ശക്തമായ നിയന്ത്രണം ഇക്കാര്യത്തിൽ ആവശ്യമില്ലേ ?
                                          
പള്ളിക്ക് പിരിവു കൊടുത്താൽ പത്തായി തിരിച്ചു കിട്ടും  എന്ന് പല പുരോഹിതന്മാരും പ്രസംഗിക്കുന്നത്  കേട്ട് കാണും . ഇതും തെറ്റായി വ്യാഖ്യാനിക്ക പെട്ട ഒരു കാര്യം ആണ് . പള്ളിക്ക് പിരിവു കൊടുക്കുക എന്ന് പറഞ്ഞാൽ , നിങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റിക്കു വേണ്ടി അല്ലെങ്കിൽ പുണ്യ പ്രവർത്തിക്കു വേണ്ടി ചിലവഴിക്കുക എന്ന് അർഥം . എന്നാൽ ആർഭാടമായി പള്ളികൾ പണിയുവാനും, പെരുന്നാൾ നടത്തുവാനും പിരിവു നൽകുന്നത് മാത്രം ആണ് ചാരിറ്റി എന്ന് ധരിച്ചിരിക്കുന്ന പല ക്രിസ്ത്യാനികളും ഉണ്ട് .  അങ്ങിനെ ചെയ്യുമ്പോൾ  സ്വർഗ്ഗ രാജ്യത്തിൽ പ്രത്യേക സ്ഥാനം കിട്ടും  എന്നാണ് പലരുടെയും പ്രതീക്ഷ .മാനവ രാശിയുടെ നന്മക്കു വേണ്ടി ചെയ്യുന്ന എല്ലാം പുണ്യ  പ്രവർത്തിയാണ്. സ്വർഗ്ഗ രാജ്യത്തിൽ സ്ഥാനം ലഭിക്കുവാൻ ഒരാൾ ദൈവ വിശ്വാസി ആയിരിക്കണം എന്നില്ല എന്ന് മാർപ്പാപ്പ പറഞ്ഞത് അത് കൊണ്ടാണ് .

കഴിക്കുവാനുള്ള അന്നവും , കുടിക്കുവാനുള്ള വെള്ളവും , ഉടുക്കുവാനുള്ള തുണിപോലും വാങ്ങാൻ കെൽപില്ലാത്ത ജന കോടികൾ ഉണ്ടെന്നത് ശരിയാണ് .  ഇവരുടെയൊക്കെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട പൊതു മുതൽ ആണ് രാഷ്ട്രീയക്കാരും , ഉദ്യോഗസ്ഥന്മാരും , ജഡ്ജിമാരും ,വക്കീലന്മാരും കൂട്ട് നിന്ന് കൊള്ളയടിക്കുന്നത്‌ .  പൊതു മേഘലാ സ്ഥാപനങ്ങൾ കട്ട് മുടിക്കുന്നത്   മൂലം  യുവജനങ്ങളുടെ തൊഴിൽ അവസരം കൂടി  ആണ് നഷ്ടമാകുന്നത് .   അഴിമതിക്കെതിരെ/പൊതുമുതൽ സംരക്ഷിക്കുവാൻ നടത്തുന്ന പോരാട്ടങ്ങളും പുണ്യ പ്രവർത്തി ആയി കാണുവാൻ കത്തോലിക്കാ സഭക്കും , മറ്റു മതങ്ങൾക്കും കഴിയേണ്ടതുണ്ട്.

തിരുവനന്തപുരം ബിഷപ്പിന്റെ അറിവോടെ ,പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന സമരം ആണ് ടൈറ്റാനിയം  അഴിമതിക്ക് വഴി തെളിച്ചത് എന്ന് ഓർക്കണം. പൊതുമുതൽ നഷ്ടം 200 കോടി . എത്രയോ പേരുടെ തൊഴിൽ അവസരം ആണ് നഷ്ടം ആയത് ?പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട കോടികളാണ് അഴിമതിക്ക് വേണ്ടി പാഴാക്കിയത് . എന്നെ പിന്തുണക്കാൻ തിരുവനതപുരം ബിഷപ്പോ , പുരോഹിതന്മാരോ തയ്യാറായിരുന്നുവെങ്കിൽ ടൈറ്റാനിയം അഴിമതി നിഷ്പ്രയാസം തടയുവാൻ കഴിയുമായിരുന്നു . കോടികളുടെ അഴിമതിക്ക് വേണ്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തവർക്കെതിരെ /കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് പറയുവാനുള്ള ധൈര്യം മത മേധാവികൾക്കില്ല. ഇവരുടെ തെറ്റായ  നടപടി മൂലം ജീവിതത്തിന്റെ പതിനഞ്ചു വർഷം ആണ് എനിക്ക് നഷ്ടം ആയത്.  ജോലി ഉപേക്ഷിച്ചു പോകേണ്ടി വന്നത് മൂലം വ്യക്തിപരമായി ലക്ഷങ്ങളുടെ നഷ്ടം . പൊതുമുതൽ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിനു ചിലവാക്കേണ്ടി വന്നത് ആയിരങ്ങൾ .    15 വർഷം ആയി പോരാടുന്ന എനിക്ക് നീതി ലഭ്യമാക്കണം എന്ന് പറയുവാനുള്ള മാന്യത പോലും ഇവർക്കില്ല.

അഴിമതിക്കെതിരെ പോരാടുവാൻ ക്രിസ്ത്യാനികൾ മുൻപോട്ടു വരണം എന്നും പറഞ്ഞു ബിഷപ്പുമാർ ഇടയലേഖനം അയക്കും , അച്ചന്മാർ പള്ളിയിൽ സുവിശേഷം പ്രസംഗിക്കും . എന്നാൽ അഴിമതിക്കെതിരെ പോരാടുവാൻ മുൻപോട്ടു വരുന്ന പൌരന്മാര്ക്ക് /ക്രിസ്ത്യാനികൾക്ക് എന്ത് പിന്തുണയാണ് കത്തോലിക്കാ സഭ നൽകുന്നത് ?   ഒരു ബാനറും പിടിച്ചു . കെ. സി. സി  മോചന റാലി നടത്തിയത് കൊണ്ടൊന്നും  അഴിമതി ഇല്ലാതാക്കുവാൻ കഴിയുകയില്ല . ക്രിസ്ത്യാനികളുടെതെന്നു പറയുന്ന മാധ്യമങ്ങളും , ചാനലുകളും അഴിമതിക്കെതിരെ ഉള്ള പോരാട്ടങ്ങളുടെ  നേരെ മുഖം തിരിച്ചു നിൽക്കുകയാണെന്ന് പറഞ്ഞാൽ തെറ്റാവുകയില്ല . അഴിമതിക്കെതിരെ കുരിശു യുദ്ധം , നേരോടെ, നിർഭയം - ഇതൊക്കെ വെറും കച്ചവട തന്ത്രം മാത്രം ആണെന്നാണ്  എന്റെ അനുഭവം . സത്യ സന്ധരായ  കുറച്ചു പേർ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ അഴിമതിക്കാരുടെ ലോബിക്കെതിരെ അവരും നിസ്സഹായർ

സുതാര്യതയെകുറിച്ചു സുവിശേഷം പ്രസംഗിക്കുന്നവർ  അത് തങ്ങളുടെ ജീവിതത്തിലും പ്രാവർത്തികമാക്കി സമൂഹത്തിനു മാതൃകയാവണം. ഇന്ത്യൻ പീനൽ കോഡു  തങ്ങൾക്കു ബാധകം അല്ലെന്നാണ്  പല പുരോഹിതന്മാരും ധരിച്ചു വെച്ചിരിക്കുന്നത് . പൊതുമുതൽ കയ്യിട്ടു വാരുന്നവരെയും , കൈക്കൂലി മേടിക്കുന്നവരെയും സഭയിൽ നിന്നും പുറത്താക്കും  എന്ന  ധീരമായ തീരുമാനം എടുക്കുവാൻ കത്തോലിക്കാ സഭക്ക് കഴിയുമോ ? അഴിമതി വലിയൊരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും . മറ്റു മതങ്ങളും ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുവാൻ നിർബന്ധിതരായിതീരും .

പൊതുമുതൽ കയ്യിട്ടു വാരുന്നവരെയും , കൈക്കൂലി മേടിക്കുന്നവരെയും  പാർട്ടിയിൽ നിന്നും പുറത്താക്കും എന്ന് പറയുവാൻ നട്ടെല്ലുള്ള എത്ര ആദർശ ധീരന്മാർ കേരളത്തിൽ ഉണ്ട് ?

പുണ്യ പ്രവർത്തിയുടെ അളവുകോൽ വികാരിയച്ചന്റെ കണക്കു ബുക്കിലെ തുകയുടെ വലിപ്പം അല്ല .  പലരും പല രീതിയിലാണ്  പുണ്യ പ്രവർത്തികൾ ചെയ്യുന്നത് . സ്പോർട്സ് പ്രൊമോഷനും ഒരു പുണ്യ പ്രവർത്തി ആണ് .  ആളുകൾക്ക് അസുഖം വന്നാൽ ചികിത്സിക്കുവാൻ നമ്മൾ പണം പിരിച്ചു നൽകാറുണ്ട്. അതൊരു പുണ്യ പ്രവർത്തി ആയി എല്ലാവരും കാണുന്നു . പല  അസുഖങ്ങളും / ജീവിത ശൈലീ രോഗങ്ങളും വലിയൊരു പരിധി വരെ തടയുവാൻ കഴിയുന്ന ഒന്നാണ് സ്പോർട്സ്. എന്നാൽ സ്പോർട്സ് പ്രൊമോഷൻ ഒരു പുണ്യ പ്രവർത്തി ആണെന്ന് പലരും മനസ്സിലാക്കിയിട്ടില്ല .  കായിക രംഗത്ത് സൗജന്യ മായി പഠിക്കുവാനുള്ള അവസരങ്ങളുണ്ട് , വളരെയധികം തൊഴിൽ അവസരങ്ങളുമുണ്ട്.  പാവപ്പെട്ട വളരെയധികം കുടുംബങ്ങൾക്ക് രക്ഷ പെടുവാനുള്ള അവസരം ആണ്  ഇത് വഴി സൃഷ്ടിക്കപ്പെടുന്നത് . സ്പോർട്സിനെ പുച്ഛത്തോടെ കാണുന്ന പുരോഹിതന്മാരും , ക്രിസ്ത്യാനികളും മിക്ക നാട്ടിലും കാണും . അന്യ സ്ഥലത്ത് നിന്നും പുരോഹിതന്മാർ വന്നു ആർഭാടമായി പള്ളികൾ പണിയുവാൻ പിരിവുകൾ  ചോദിക്കുമ്പോൾ ലക്ഷങ്ങൾ നൽകും. സ്വന്തം നാട്ടിലെ കുട്ടികൾക്ക്  കായിക പരിശീലനം നൽകുവാൻ പത്തു പൈസ ഇവർ നൽകുകയില്ല . സ്വർഗ്ഗ രാജ്യത്തിൽ സ്ഥാനം കിട്ടുവാനുള്ള പട്ടികയിൽ സ്പോർട്സ് പ്രൊമോഷൻ ഇല്ല എന്നതാണ് കാര്യം .  എല്ലാ ഇടവകകളിലും  ഒരു ഞായറാഴ്ച പിരിവു സ്പോർട്സ് പ്രൊമോഷന് വേണ്ടി ഉപയോഗിക്കണം എന്ന ധീരമായ തീരുമാനം എടുക്കുവാൻ ബിഷപ്പുമാർക്കും , പുരോഹിതന്മാർക്കും കഴിയേണ്ടതുണ്ട് .  ആരോഗ്യവും , അച്ചടക്കവും , മൂല്യ ബോധവും ഉള്ള, അഴിമതിക്കും അനീതിക്കും എതിരെ  പ്രതികരിക്കുവാൻ കഴിയുന്ന , എല്ലാ മതത്തിൽ പെട്ടവരെയും സഹോദരരായി   കാണുവാൻ  കഴിയുന്ന     ഒരു തലമുറയെ വാർത്തെടുക്കുക എന്നുള്ളതായിരിക്കണം   ലക്ഷ്യം .

 ഇടയലേഖനങ്ങൾ വെറും പ്രഹസനങ്ങൾ     ആയി മാറാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം.